വേലിയിറക്കം 27.12.2017

മനസ്സു നിറയെ മോഹനപ്രതീക്ഷകളുമായി സ്വപ്നങ്ങളുടെ ശാദ്വലഭൂമിയായ അമേരിക്കയിലെത്തിപ്പെട്ട മൃദുലചിത്തനായ ഉള്‍നാടന്‍ കേരളീയന്‍റെ സംഭവബഹുലമായ ജീവിതയാത്രയിലെ കയറ്റങ്ങളുടെയും ഇറക്കങ്ങളുടെയും മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും വികാരോജ്വലമായ ആവിഷ്കരണം. ഒരു നോവല്‍ കൂടി അവതരിപ്പിക്കട്ടെ. നിങ്ങളുടെ പ്രതികരണം എനിക്ക് ആവേശം പകരുന്നു. ഇതിലെ കഥാപാത്രങ്ങള്‍ ഭാവനാസൃഷ്ടികളാണ്. എങ്കിലും നിങ്ങള്‍ക്ക് നന്നായി അറിയാവുന്ന ഏതാനും വ്യക്തികളും സന്ദര്‍ഭങ്ങളും ഇതില്‍ പ്രത്യക്ഷപ്പെടുന്നുവെന്നത് തീര്‍ച്ച. മറക്കാനാഗ്രഹിക്കുന്ന ചില സംഭവങ്ങള്‍ ഓര്‍മ്മയില്‍ നുരയിട്ടുയരാന്‍ ഇത് ഇടയാക്കുന്നുവെങ്കില്‍, ദയവായി മാപ്പു തരിക. അമേരിക്കന്‍ മലയാളിയുടെ മൂല്യങ്ങള്‍ അതുല്യമാണല്ലോ.

തിരുപ്പുറപ്പാട് 27.12.2017

മനുഷ്യജീവിതത്തിലെ വിഭിന്ന ഭാവരൂപങ്ങളുടെ സമ്മിശ്ര പ്രതിഫലനമാണ് ഈ കഥാസമാഹാരം. ഈ ഗ്രന്ഥത്തിലെ ഓരോ കഥ വായിക്കുമ്പോഴും, നിത്യജീവിതത്തില്‍ കണ്ടുമറന്ന ഏതെങ്കിലും കഥാപാത്രങ്ങള്‍ അനുവാചകരുടെ മനോമുകുരത്തില്‍ തെളിഞ്ഞുവരാതിരിക്കുകയില്ല. കഥാകൃത്തിന്‍റെ സരളമായ പദപ്രയോഗങ്ങളും. ലളിതമായ രചനാശൈലിയും ഈ ചെറുകഥാസമാഹാരത്തെ ആകര്‍ഷകമാക്കുന്നു. സന്തോഷസന്താപങ്ങള്‍, ആശനിരാശകള്‍, സ്നേഹവിദ്വേഷങ്ങള്‍ എല്ലാം ജീവിതത്തിന്‍റെ നിറക്കൂട്ടില്‍ ചാലിച്ച്, തന്‍റെ തൂലികത്തുമ്പിലൂടെ വരച്ചുകാണിക്കാന്‍ ഗ്രന്ഥകര്‍ത്താവ് ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടുണ്ട്. മലയാള ചെറുകഥാസാഹിത്യത്തിന് ശ്രീ മാത്യു നെല്ലിക്കുന്നിന്‍റെ കഥകള്‍ തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടായിരിക്കും.

എന്നും ചിരിക്കുന്ന പൂക്കള്‍27.12.2017

അമേരിക്കയുടെ സമ്പന്നതയിലിരുന്ന് ഒരു മലയാളി സ്വന്തം ഭാഷാ സാഹിത്യത്തെ ഹൃദയത്തോടടുപ്പിച്ച് ലാളിക്കുന്നതിന്‍റെ തെളിവാണ് ഈ കഥാസമാഹാരം. മാത്യു നെല്ലിക്കുന്നിന്‍റെ മനസ്സിലെന്നും കഥകളുണ്ടായിരുന്നു. ഈ കൃതിയിലെ കഥകളത്രയും വായനക്കാര്‍ക്ക് നിരാശയല്ല. അഭിമാനവും അത്ഭുതവുമാണ് പകര്‍ന്നു നല്‍കുന്നത്. പ്രവാസി മലയാളിയായ ഈ കഥാകാരന്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ തന്‍റെ അസ്ഥിത്വം മലയാളസാഹിത്യ മണ്ഡലത്തില്‍ എന്നേ ഉറപ്പിച്ചുകഴിഞ്ഞതാണ്. മുമ്പ് വെളിച്ചം കണ്ടിട്ടുള്ള നെല്ലിക്കുന്നിന്‍റെ മറ്റനേകം കൃതികള്‍ അതിന് സാക്ഷിയായി നമ്മുടെ മുന്നിലുണ്ട്.

അന്വേഷണം27.12.2017

കാമത്തിനും ക്രോധത്തിനും സമ്മോഹത്തിനും സ്മൃതിഭ്രംശത്തിനും ബുദ്ധിനാശത്തിനും അടിമപ്പെടുന്ന നിസ്സഹായരായ മനുഷ്യാത്മക്കളോട്, ഇരുട്ടിന്‍റെ യാത്രക്കാരോട്, പ്രവാചകന്‍റെ ഉള്‍ക്കനത്തോടും ക്രാന്തദര്‍ശിത്വത്തോടും കൂടി കഥാകൃത്തിന്‍റെ ചോദ്യം: "നിങ്ങള്‍ക്കു മറ്റുള്ളവരുടെ ബലഹീനതകള്‍ ക്ഷമിച്ചുകൂടെ..? പകയും വിദ്വേഷവും എന്തിനു മനസ്സില്‍ സൂക്ഷിക്കുന്നു..?" ഗുഹാമുഖം, വിഷമസന്ധി, ഏകാന്തത, പതിവിനെതിരെ, പക, രചന, അതിപ്രസരം, ചന്ദനമണമുള്ള പെണ്‍കുട്ടി, തീവണ്ടിയാപ്പീസ്, പൊട്ടിയ കണ്ണി തുടങ്ങിയ ഭാവോജ്വലവും ചിന്താമധുരവും ഹാസ്യാത്മകവുമായ ഇരുപത്തൊമ്പത് അസാധാരണ ചെറുകഥകള്‍.

ഒരു പ്രവാസിയുടെ കാല്‍നൂറ്റാണ്ട്27.12.2017

കഷ്ടപ്പാടുകളുടെയും ദുരിതങ്ങളുടെയും കയ്പുനീരത്രയും കുടിച്ച് ജീവിക്കാന്‍ വേണ്ടി ഒട്ടേറെ താവളങ്ങളും വഴികളും താണ്ടിയ ഒരു മനുഷ്യന്‍റെ അരനൂറ്റാണ്ടിലേറെക്കാലത്തെ ജീവിതമാണിത്. മാത്യു നെല്ലിക്കുന്ന് എന്ന മലയാളിയുടെ, പ്രവാസിയുടെ, എഴുത്തുകാരന്‍റെ, സാംസ്കാരികനായകന്‍റെ, പത്രപ്രവര്‍ത്തകന്‍റെ അതിലുപരി ഒരു മനുഷ്യസ്നേഹിയുടെ കാല്‍നൂറ്റാണ്ടുകാലത്തെ അമേരിക്കന്‍ ജീവിതത്തിലേക്കൊരു എത്തിനോട്ടവും ഈ കൃതിയിലുണ്ട്. വളരെ വിശാലമായ ആ ജീവിതത്തിന്‍റെ ലോകം ചിത്രീകരിക്കാന്‍ ഇങ്ങനെ ഒട്ടേറെ പുസ്തകങ്ങള്‍ വേണ്ടിവരും. ഇതൊരു എളിയ ശ്രമമാണ്. ഉല്‍ക്കര്‍ഷേച്ഛുവായ ഈ മനുഷ്യന്‍റെ ജീവിതരേഖാചിത്രം ഒരു പക്ഷേ ഓരോ മലയാളിക്കും പ്രചോദനമായേക്കാം.

സൂര്യവെളിച്ചം27.12.2017

കുറത്തിമലയുടെ താഴ്വരയിലെ മഞ്ഞള്‍പുരം എന്ന ഗ്രാമത്തില്‍ നിന്ന് ഒരു രാത്രി ജീവനും കൊണ്ട് ഓടുമ്പോള്‍ തോമായുടെ ലക്ഷ്യം ഒന്നു മാത്രമായിരുന്നു...ജീവിക്കണം...എങ്ങിനെയും ജീവിക്കണം. ആലുവായില്‍ ഹോട്ടലിന്‍റെ അടുക്കളയില്‍ കിടന്ന് നരകിക്കുമ്പോഴും ബോംബെയില്‍ വീടുകളില്‍ മീനും ഇറച്ചിയും ചുമന്നെത്തിക്കുമ്പോഴും ഡല്‍ഹിയില്‍ പട്ടാളത്തില്‍ കുശിനിപ്പണി ചെയ്യുമ്പോഴും ഭാര്യയുടെ പിന്നാലെ അമേരിക്കയിലെത്തി പുതിയ മേച്ചില്‍പ്പുറങ്ങള്‍ വെട്ടിപ്പിടിക്കുമ്പോഴും അയാള്‍ ജീവിക്കുകയായിരുന്നു. എന്നാല്‍ മോഹങ്ങള്‍ പൂര്‍ത്തിയായോ? ഇല്ല. കൈയില്‍ കുന്നുകൂടിയ ഡോളറും അതുകൊണ്ട് നേടാവുന്ന സുഖഭോഗങ്ങളും അയാളുടെ തൃഷ്ണയെ കെടുത്തിയില്ല. ഒടുവില്‍ നിര്‍വൃതികള്‍ സാക്ഷാത്ക്കരിക്കപ്പെടുന്ന സ്വന്തം മണ്ണിലേക്ക്. ജീവിതത്തിന്‍റെ അര്‍ത്ഥങ്ങള്‍ തേടി അയാളുടെ മനസ്സ് കറങ്ങി. ദു:ഖകടലിന്‍റെ ശാന്തി തീരം ഏതാണ്? മനസ്സിന്‍റെ ശക്തിയാണോ? ചെയ്ത നډകളാണോ? ഒന്നും തിരിച്ചു ചോദിക്കാതെ പകര്‍ന്ന സ്നേഹമാണോ? അറിയില്ല. ആഗ്രഹിച്ചതെല്ലാം കൈപ്പിടിയിലൊതുക്കി സുഖസമൃദ്ധിയില്‍ കഴിയുമ്പോഴും മനസ്സിന്‍റെ ഒടുങ്ങാത്ത ദാഹങ്ങള്‍ക്കു ശാന്തി കിട്ടാതെ അലയേണ്ടി വന്ന ഒരു മനുഷ്യന്‍റെ കഥ. പ്രഥമ കൊടുപ്പുന്ന സ്മാരക സാഹിത്യ അവാര്‍ഡ് (1997) ലഭിച്ച നോവല്‍.

വേനല്‍മഞ്ഞ്27.12.2017

മലയാള നോവല്‍ സാഹിത്യത്തില്‍ ആദ്യകൃതിയിലൂടെ തന്നെ ശ്രീ മാത്യു നെല്ലിക്കുന്നേല്‍ തന്‍റെ പ്രതിഭ തെളിയിച്ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ പ്രഥമ നോവലായ വേനല്‍മഞ്ഞ്, പാത്രസൃഷ്ടിയിലും, രചനാവൈഭവത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്നു. മാത്തപ്പന്‍ എന്ന കഥാപാത്രത്തിന്‍റെ വളര്‍ച്ചയും വ്യക്തിത്വവികാസവും ഈ നോവലിലുടനീളം തെളിഞ്ഞു നില്‍ക്കുന്നു. സ്ത്രൈണഭാവങ്ങളുടെ പര്യായമാണ് എല്‍സിയും സോഫിയും. ഗ്രാമീണ പശ്ചാത്തലത്തില്‍ നെയ്തെടുത്ത ഈ നോവല്‍ ഒരു ഗദ്യകവിതപോലെ വായിച്ചാസ്വദിക്കാവുന്നതാണ്. മറുനാടന്‍ മലയാളികളില്‍ ഏറെ ശ്രദ്ധേയനായ നോവലിസ്റ്റിന് എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊള്ളുന്നു.